ബംഗാൾ ട്രെയിൻ അപകടം; മരണം എട്ടായി
Monday, June 17, 2024 12:16 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. റെയിൽവേ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അപകടത്തിൽ 30ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിരവധി പേര് ബോഗികള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രാവിലെ 8: 50 ഓടെയാണ് അപകടം. ന്യൂജയ്പാൽഗുരി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് മുന്നോട്ട് പോയ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്‍ഭാഗത്തെ ബോഗികളിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറിയെന്നാണ് വിവരം.
ഡോക്ടര്‍മാരെയും സംസ്ഥാനദുരന്ത നിവാരണസേനാ അംഗങ്ങളെയും സ്ഥലത്തേക്ക് അയച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ഡല്‍ഹിയിലിരുന്ന് അപകടത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
ബംഗാളിനെ സംസ്ഥാനത്തെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്. ഡാർജിലിംഗിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ അടക്കം ഈ ട്രെയിനിനെ ആണ് ആശ്രയിക്കുന്നത്. അപകടത്തിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.