ഹിമാചൽപ്രദേശിൽ കാണാതായ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്തി
Monday, June 17, 2024 4:19 AM IST
മണാലി: ഹിമാചൽപ്രദേശിൽ കാണാതായ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്തി. ലാഹൗൾ, സ്പിതി ജില്ലയിലെ കീയ്ക്കും താഷിഗാങ്ങിനും ഇടയിലുള്ള മലയിടുക്കിൽ നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ട്രെവർ ബോക്സ്റ്റാഹ്ലറിനെ (31) സ്പിതി താഴ്വര സന്ദർശിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് കാണാതായത്. തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താനായി തിരച്ചിൽ സംഘത്തെ രൂപീകരിച്ചിരുന്നു.
സംഘം കാസയിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയും താഷിഗാംഗിന് സമീപമുള്ള വിജനമായ പ്രദേശത്തിന് സമീപം ഇദ്ദേഹം വാടകയ്ക്കെടുത്ത മോട്ടോർ സൈക്കിൾ കണ്ടെടുക്കുകയും ചെയ്തു. എന്നാൽ കൂടുതൽ സൂചനകളൊന്നും ലഭിച്ചില്ല.
ഒരു ദിവസത്തിനുശേഷം, കരസേനയുടെ ഡോഗ്ര റെജിമെന്റിന്റെ സഹായത്തോടെ, ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കീയ്ക്കും താഷിഗാങ്ങിനുമിടയിലുള്ള മലയിടുക്കിൽ കുടുങ്ങിയ നിലയിൽ ഒരു പാരച്യൂട്ട് കണ്ടെത്തി.
ബേസ് ജമ്പർ ആയിരുന്ന ട്രെവറിന്റേതാണ് പാരച്യൂട്ട് എന്ന് പോലീസ് സംശയിച്ചുവെന്ന് ലഹൗൾ എസ്പി സ്പിതി, മായങ്ക് ചൗധരി പറഞ്ഞു. തുടർന്ന് പ്രതികൂല സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം നേടിയ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്) ടീമുകളെ വിന്യസിക്കുകയും ട്രെവറിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
പ്രഥമദൃഷ്ട്യാ ഇത് അപകടമാണെന്നാണ് പോലീസ് പറയുന്നത്. വിവരങ്ങൾ അമേരിക്കൻ എംബസിയുമായി പങ്കുവച്ചിട്ടുണ്ടെന്നും ഞങ്ങൾ അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അവർക്ക് കൈമാറുമെന്നും എസ്പി പറഞ്ഞു.