കാഫിർ പോസ്റ്റ് പിൻവലിച്ച് കെ.കെ.ലതിക; ഫെയ്സ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു
Sunday, June 16, 2024 5:03 PM IST
കോഴിക്കോട്: വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ.ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തു.
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ തെളിവില്ലെന്ന് ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെ സിപിഎമ്മിനെതിരെ യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. സ്ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ച കുറ്റ്യാടി മുന്‍ എംഎല്‍എ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലീമായും എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്ത്തകന് കാസിമിന്റെ പേരിലാണ് പുറത്തിറങ്ങിയത്.
ഇതുവരെയുള്ള അന്വേഷണത്തില്‍ കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിൽ പറഞ്ഞു. മാത്രമല്ല ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചിരുന്നു.
കെ.കെ. ലതികയുടെ മൊഴി എടുത്തതായും ഫോണ്‍ പരിശോധിച്ചതായും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.