നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; മുരളീധരനായി വീണ്ടും ഫ്ലെക്സ്
Sunday, June 16, 2024 11:59 AM IST
തൃശൂർ: കെ.മുരളീധരനെ അനുകൂലിച്ച് തൃശൂർ നഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ലെന്നും വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ചതിയുടെ പത്മവ്യൂഹത്തിൽപെട്ട് പോരാട്ട ഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്... എന്നുമാണ് ഫ്ലെക്സ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ് വച്ചിരിക്കുന്നത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃശൂർ കോൺഗ്രസ് നേതൃത്വത്തിൽ ഉടലെടുത്ത തർക്കങ്ങൾ തുടരുകയാണ്. താത്കാലിക ഡിസിസി പ്രസിഡന്റായി വി.കെ.ശ്രീകണ്ഠൻ എംപി ഇന്ന് ചുമതലയേൽക്കുകയാണ്. പിന്നാലെ ഉച്ചകഴിഞ്ഞ് ബ്ലോക്ക്, മണ്ഡലം, ഡിസിസി, കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പൊതുരംഗത്തു നിന്നും താത്കാലികമായി മാറുകയാണെന്ന് കെ.മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരും സംസ്ഥാനത്തെ മറ്റിടങ്ങളിലും അദ്ദേഹത്തെ അനുകൂലിച്ച് പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടത്. തൃശൂർ തോൽവിയുടെ പേരിൽ ഡിസിസി ഓഫീസിൽ പരസ്യമായ സംഘർഷവും അരങ്ങേറിയത് കോൺഗ്രസ് നാണക്കേടായിരുന്നു.