ചാഞ്ചാട്ടത്തിനൊടുവിൽ സ്വര്‍ണവില മുകളിലേക്ക്; 53,000 കടന്നു
Saturday, June 15, 2024 11:44 AM IST
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് 53,200 രൂപയിലും ഗ്രാമിന് 6,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,530 രൂപയാണ്.
വെള്ളിയാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും ഉയർന്നിരുന്നു. ചൊവ്വാഴ്ച 120 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. തുടർന്ന് വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വെള്ളിയാഴ്ച വിലകുറഞ്ഞത്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്.
ജൂൺ ഏഴിനാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണവില കയറിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില. എന്നാൽ പിറ്റേന്ന് വില കുത്തനെ കുറഞ്ഞു. 1,520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, മികച്ച നേട്ടത്തിലാണ് സ്വർണ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 30.85 ഡോളർ (1.34%) ഉയർന്ന് 2,333.01 ഡോളർ എന്നതാണ് നിലവാരം.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 95 രൂപയായി.