ആലപ്പുഴയിൽ ടാക്സി കാറുകൾക്ക് നേരെ ആക്രമണം
Friday, June 14, 2024 8:12 PM IST
ആലപ്പുഴ: നഗരത്തിൽ ടാക്സി കാറുകൾക്ക് നേരെ അജ്ഞാത ആക്രമണം. കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്.
അർധരാത്രി ഒന്നോടെയാണ് സംഭവം. തെക്കനാര്യാട് അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ അനീഷിന്റെ ഇന്നോവ കാറും മൂപ്പശേരി വീട്ടിൽ സജിമോന്റെ എർട്ടിഗ കാറുമാണ് ആക്രമിക്കപ്പെട്ടത്. ഇരുകാറുകളുടെയും ചില്ലുകൾ തകർക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്ത നിലയിലാണ്.
രണ്ട് വാഹനങ്ങൾക്കുമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ച് ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.