ഫ്ലോറിഡയില്‍ റെഡ് അലര്‍ട്ട്; പാക്കിസ്ഥാന്റെ സൂപ്പർ എട്ട് മോഹങ്ങൾ വെള്ളത്തിൽ
Friday, June 14, 2024 4:08 PM IST
ഫ്ലോറിഡ: ട്വന്റി-20 ലോകകപ്പിൽ പാക്കിസ്ഥാന്റെ സൂപ്പർ എട്ട് മോഹങ്ങൾ പൂവണിയണമെങ്കിൽ മാനം കൂടി കനിയണമെന്ന അവസ്ഥയിലാണ്. ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക മത്സരങ്ങൾക്ക് അരങ്ങേറുന്ന ഫ്ലോറിഡയിലെ പ്രതികൂല കാലാവസ്ഥയാണ് പാക്കിസ്ഥാന് വിലങ്ങുതടിയാകുന്നത്.
പാക്കിസ്ഥാന്റെ സൂപ്പർ എട്ട് ഭാവിയിൽ നിർണായകമായ ഇന്നത്തെ യുഎസ്-അയര്‍ലന്‍ഡ് പോരാട്ടം നടക്കുന്നത് ഫ്ളോറിഡയിലാണ്. എന്നാൽ, കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ ഫ്ലോറിഡയിൽ ഇന്നും റെഡ് അലർട്ടാണ്. രണ്ടു ദിവസമായി കനത്ത മഴയാണ് ഫ്ലോറിഡയിൽ. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ബുധനാഴ്ച സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് അമേരിക്ക-അയര്‍ലന്‍ഡ് മത്സരം നടക്കേണ്ടത്. ഈ സമയം ഫ്ലോറിഡയില്‍ ഇടിയോട് കൂടിയ കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അവസാന മത്സരത്തിൽ യുഎസ് അയർലൻഡിനെ പരാജയപ്പെടുത്തിയാൽ, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാക്കിസ്ഥാൻ പുറത്താകും. എന്നാൽ, അയര്‍ലന്‍ഡ് യുഎസിനെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ പാക്കിസ്ഥാന് അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ പാക്കിസ്ഥാന് സൂപ്പര്‍ എട്ടില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു.
ഇന്നത്തെ യുഎസ്-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരുടീമുകളും പോയിന്റ് പങ്കിടും. ഇതോടെ അഞ്ച് പോയിന്റുമായി യുഎസ് സൂപ്പര്‍ എട്ടിലെത്തും. അയര്‍ലന്‍ഡിനെതിരായ അവസാന മത്സരം ജയിച്ചാലും പാകിസ്ഥാന് സൂപ്പര്‍ എട്ടിൽ എത്താനാകാതെ പോകും.
യുഎസിനെ തോല്പിച്ച് ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ടിൽ സ്ഥാനംപിടിച്ചിരുന്നു. ആറ് പോയിന്റുള്ള ഇന്ത്യയ്ക്കും നാലു പോയിന്റുള്ള യുഎസിനും പിന്നില്‍ രണ്ടു പോയിന്റോടെ മൂന്നാമതാണ് പാക്കിസ്ഥാൻ.