തിങ്കളാഴ്ച മുതൽ മഴ ശക്തമാകും, യെല്ലോ അലർട്ട്; ഇന്ന് മുന്നറിയിപ്പില്ല
Friday, June 14, 2024 2:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് ഞായറാഴ്ച വരെ മഴമുന്നറിയിപ്പില്ല.
അതേസമയം, തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതേസമയം, കേരള തീരത്ത് ശനിയാഴ്ച രാത്രി 07.00 മണി വരെയും, തമിഴ്നാട് തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.