കണ്ണീർക്കടലായി കേരളം; മൃതദേഹങ്ങളുമായുള്ള വിമാനം കൊച്ചിയിലെത്തി
Friday, June 14, 2024 10:38 AM IST
കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. 31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ ഏറ്റുവാങ്ങും.
23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ വച്ച് കൈമാറുക. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ മൃതദേഹവുമായി വിമാനം ഡൽഹിയിലേക്ക് പോകും.
മലയാളികളുടെ മൃതദേഹങ്ങൾ വിമാനത്താവളത്തില്‍ 45 മിനിറ്റോളം പൊതുദര്‍ശനത്തിന് വയ്ക്കും. മന്ത്രിമാർ അടക്കമുള്ളവർ ഇവിടെവച്ച് അന്തിമോപചാരം അർപ്പിക്കും.
മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സുകൾ സജ്ജമാണ്. കേരളം, തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ റോഡ് മാര്‍ഗം അവരവരുടെ ഭവനങ്ങളിലേക്ക് കൊണ്ടുപോകും. കര്‍ണാടക സ്വദേശിയുടെ മൃതദേഹം വിമാനമാര്‍ഗം കൊണ്ടുപോകുമെന്നാണ് വിവരം.