അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്
Thursday, June 13, 2024 5:26 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ പത്രിക നൽകി.
രാജ്യസഭാ സീറ്റിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുനേത്രയെ രാജ്യസഭയിൽ അയക്കണമെന്നും സഹമന്ത്രി ആക്കണമെന്നും ആവശ്യമുയരുകയായിരുന്നു. നിലവിൽ മൂന്നാം മോദി സർക്കാരിൽ അജിത്ത് പക്ഷത്തിന് സഹമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നു. കാബിനറ്റ് പദവി ആവശ്യപ്പെട്ട അജിത്ത് പക്ഷം ഇതുവരെ സഹമന്ത്രിപദം സ്വീകരിക്കാൻ തയാറായില്ല.
എൻസിപിയിലെ പിളർപ്പിനെ തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമതി സീറ്റിൽ എൻഡിഎ സ്ഥാനാർഥിയായി സുനേത്ര മത്സരിച്ചിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സൂലെക്ക് എതിരെയായിരുന്നു മത്സരം. ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രിയ ജയിച്ചിരുന്നു.