സണ്ണി ലിയോണിന്റെ നൃത്തം കാന്പസിൽവേണ്ട; പരിപാടിക്ക് അനുമതി നിഷേധിച്ച് വിസി
Wednesday, June 12, 2024 11:52 PM IST
തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി കോളജ് കാന്പസിൽ നടത്തുന്നത് വിലക്കി കേരള സർവകലാശാല. ജൂലൈ അഞ്ചിന് യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ നടത്താനിരുന്ന പരിപാടിക്ക് വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ അനുമതി നിഷേധിച്ചത്.
ഇത് സംബന്ധിച്ച് രജിസ്ട്രാർക്ക് വൈസ് ചാൻസലർ നിർദേശം നൽകി. കോളജ് യൂണിയന്റെ നേതൃത്വത്തിൽ നടത്താനിരുന്ന പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിരുന്നില്ല. തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു.
ഇതോടെ പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ കാന്പസുകളിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.