വനിതാ ഓട്ടോഡ്രൈവറെ മർദിച്ച് ബീച്ചിൽ തള്ളിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
Wednesday, June 12, 2024 6:21 PM IST
എറണാകുളം: വൈപ്പിന്‍ ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ റൂറല്‍ പോലീസ് മേധാവിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
തിങ്കളാഴ്ച രാത്രി 12 മണിയോടെ ചാത്തങ്ങാട് ബീച്ചിൽ മർദനമേറ്റ് അവശനിലയിൽ കണ്ടെത്തിയ ജയയെ വിവരമറിഞ്ഞെത്തിയ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകനായ ഒരു ഓട്ടോ ഡ്രൈവറും പോലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറോടെ പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു യുവാവ് കുഴുപ്പിള്ളിയിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഓട്ടംവിളിച്ചു. അവിടെ ചെന്നപ്പോൾ ഓട്ടോയിൽ മറ്റ് രണ്ട് പേർ കൂടി കയറി. തങ്ങൾ കാണാൻ വന്നയാൾ കളമശേരി മെഡിക്കൽ കോളജിലാണെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞ് ഓട്ടോ അങ്ങോട്ട് പോകാൻ പറഞ്ഞു. അവിടെ എത്തി വീണ്ടും തിരിച്ച് കുഴുപ്പിള്ളിയിലേക്ക് മടങ്ങണമെന്ന് പറഞ്ഞു.
മടങ്ങുന്നവഴി തങ്ങളുടെ ബൈക്ക് കുഴുപ്പിള്ളി ബീച്ചിൽ ഇരിക്കുകയാണെന്നും ബൈക്കിലെ പെട്രോൾ തീർന്നെന്നും പറഞ്ഞ് കുപ്പിയിൽ പെട്രോൾ വാങ്ങുകയും ചെയ്തു. പിന്നീട് ചാത്തങ്ങാട് ബീച്ചിലെത്തിയപ്പോഴാണ് മൂന്ന്പേരും ചേർന്ന് മർദിച്ചതെന്നാണ് പറയുന്നത്. അപരിചിതരായ മൂന്നു പേരും മാസ്ക് ധരിച്ചിരുന്നതിനാൽ യുവതിക്ക് തിരിച്ചറിയാനായില്ല.
യുവതിയുടേയും വീട്ടുകാരുടെയും മൊഴിയിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിനിടെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ സംയുക്ത തൊഴിലാളി യൂണിയൻ ഇന്നലെ പള്ളത്താംകുളങ്ങരയിൽ പ്രകടനം നടത്തി.