മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം: സൗബിന് നോട്ടീസ്
Wednesday, June 12, 2024 5:23 PM IST
കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും മറ്റൊരു നിര്‍മാതാവുമായ സൗബിന് ഷാഹിറിനെയും ഉടന്‍ ചോദ്യം ചെയ്യും. ഇതിനായി സൗബിനു നോട്ടീസ് നല്‍കിയിട്ടുണ്ട്.
കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ പോലീസ് കേസുണ്ട്. സിനിമയ്ക്ക് ഏഴു കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി.
അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പോലീസ് അന്വേഷണത്തിന് സമാന്തരമായിട്ടാണ് ഇഡി ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകളുള്‍പ്പെടെ ഇഡി പരിശോധിക്കും. സിനിമയ്ക്ക് വേണ്ടി ചെലവഴിച്ച പണത്തിന്റെ ഉറവിടവും അന്വേഷിക്കും. സിനിമയുടെ വിജയത്തിന് ശേഷം പറവ ഫിലിംസും പങ്കാളികളും നടത്തിയ സാമ്പത്തിക ഇടപാടുകളിലും പരിശോധനയുണ്ടാകും. സിനിമയിലെ കള്ളപ്പണയിടപാടുകള്‍ സംബന്ധിച്ച് ഇഡി നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.