പ്രതീക്ഷകള്‍ പൊലിഞ്ഞു; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് ഇന്ത്യ പുറത്ത്
Wednesday, June 12, 2024 12:07 AM IST
ദോഹ: നിർണായക മത്സരത്തിൽ ഖത്തറിനോട് തോറ്റ് ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് 2-1 ഇന്ത്യ തോൽവി വഴങ്ങിയത്.
ഖത്തറിന്റെ പെനാല്‍റ്റി ബോക്സിലേക്ക് ഇരച്ചെത്തിയ ഇന്ത്യന്‍ താരങ്ങളേയാണ് ആദ്യ പകുതിയിൽ കണ്ടത്. പിന്നാലെ ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്കിയ പാസ് ലാലിയന്‍സുവാല ചാങ്തെ വലയിലെത്തിക്കുകയായിരുന്നു.
73-ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ ഒപ്പം പിടിക്കുകയായിരുന്നു. ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്ത് ഖത്തർ ഗോൾവലയിൽ എത്തിച്ചതോടെ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു.
എയ്മെന്‍ നേടിയ ഗോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് ഇന്ത്യ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ 85-ാം മിനിറ്റിൽ അല്‍ റാവി എടുത്ത ഷോട്ട് ഗോൾ വല കുലുക്കിയതോടെ ഇന്ത്യയുടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു.