ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു
Tuesday, June 11, 2024 3:47 PM IST
തിരുവനന്തപുരം: വടകരയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എ.എൻ ഷംസീറിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.
പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരയിലേക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പാലക്കാട് നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്നു ഷാഫി. ഇതോടെ ഇനി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും.
ഷാഫി വടകരയിൽ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ മുതൽ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളതെന്നാണ് വിവരം.