ഇൻസ്റ്റഗ്രാം ഉപയോഗം നിർത്താൻ ഭർത്താവ് ആവശ്യപ്പെട്ടു; യുവതി ജീവനൊടുക്കി
Tuesday, June 11, 2024 12:33 AM IST
നോയിഡ: ഇൻസ്റ്റാഗ്രാം ഉപയോഗിക്കരുതെന്ന് ഭർത്താവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. നോയിഡയിലെ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലെ സദർപൂർ കോളനിയിലാണ് സംഭവം.
തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനെച്ചൊല്ലി യുവതി ഭർത്താവുമായി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ യുവതി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെ തുടർന്ന് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.