സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസിനു ക്ഷണം, മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും
Sunday, June 9, 2024 11:41 AM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഗെ പരിപാടിയിൽ പങ്കെടുക്കുമെന്നു കോൺഗ്രസ് അറിയിച്ചു. ഇന്ത്യാ മുന്നണിയിലെ മറ്റു പാർട്ടികളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം.
നേരത്തെ, പ്രതിപക്ഷത്തെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ ശനിയാഴ്ച ഇന്ത്യാ മുന്നണി നേതാക്കള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസും എന്‍സിപിയും അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ക്ഷണം ലഭിച്ചത്.
ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി അറിയിച്ചിരുന്നു. കൃത്രിമ മാര്‍ഗത്തിലൂടെ സൃഷ്ടിക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലേറുന്നത് കാണാന്‍ തങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രതികരണം.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ചടങ്ങിലേക്ക് ലോകനേതാക്കൾ ഉൾപ്പെടെ 8,000ത്തോളം പേർക്ക് ക്ഷണമുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, സീഷെൽസ് ഉപരാഷ്ട്രപതി അഹമ്മദ് അഫീഫ് എന്നിവർ ഡൽഹിയിലെത്തി.
ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമെസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിഗ് തോബ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ (പ്രചണ്ഡ) എന്നിവർ ഇന്നെത്തും.