"നയിക്കാന്‍ നായകന് വരട്ടെ'; കോഴിക്കോട്ട് കെ.മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡ്
Sunday, June 9, 2024 9:27 AM IST
കോഴിക്കോട്: കെ മുരളീധരന് പിന്തുണ അറിയിച്ച് കോഴിക്കോട് ഫ്ലക്സ് ബോര്‍ഡ്. വണ്ടിപേട്ട അടക്കമുള്ള സ്ഥലത്താണ് ഫ്ലക്സ് ബോര്‍ഡുകൾ പ്രത്യക്ഷപെട്ടത്. നയിക്കാന്‍ നായകന് വരട്ടെയെന്നും നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ഫ്ലക്സിൽ പറയുന്നു.
അന്ന് വടകരയില്‍... പിന്നെ നേമത്ത്... ഇന്ന് തൃശൂരില്‍... അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റു വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കല്‍ കൂടി പറയുന്നു പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ് എന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മുരളീധരൻ പ്രതികരിച്ചിരുന്നു. ഇനി മത്സരത്തിനോ, പാര്‍ട്ടി നേതൃത്വത്തിലേക്കോ ഇല്ലെന്നും പറഞ്ഞിരുന്നു. ഇതോടെ പിണങ്ങി നിൽക്കുന്ന മുരളീധരനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു.