രാഹുൽ പ്രതിപക്ഷനേതാവാകുമോ? കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്
Saturday, June 8, 2024 10:51 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്നു യോഗം ചേരും. കൂടാതെ, എല്ലാ കോൺഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാർലമെന്ററി പാർട്ടി യോഗവും ഇന്നുചേരും.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് രാവിലെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം, ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം, എക്സിറ്റ് പോൾ ഓഹരി കുംഭകോണം അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യും.
യോഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യമുയരാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ രാഹുലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടിയുണ്ടായിട്ടില്ല.
രാഹുൽ പദവി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പകരം കെ.സി. വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി തുടങ്ങിയവർക്കാകും മുൻഗണന.