കോടതിക്കുള്ളിൽ കീടനാശിനി കുടിച്ച് ജീവനൊടുക്കാൻ കൊലക്കേസ് പ്രതിയുടെ ശ്രമം
Saturday, June 8, 2024 6:17 AM IST
മുംബൈ: നാഗ്പൂരിൽ കൊലക്കേസ് പ്രതി കോടതിക്കുള്ളിൽ വച്ച് കീടനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തിന് പിന്നാലെ ആരോഗ്യാവസ്ഥ ഗുരുതരാവസ്ഥയിലായ ഷെയ്ഖ് അഹമ്മദ് ഷബീർ (30) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകക്കേസിൽ യശോധര നഗർ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വെള്ളിയാഴ്ച വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയിരുന്നു. തിരികെ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
ഇയാൾ കീടനാശിനിയാണ് കുടിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇയാൾ കോടതിയിൽ എത്തിയ സമയം ഒരു ബന്ധുവാണ് ഇത് കൈമാറിയതെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.