തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹകരിച്ച എല്ലാവർക്കും നന്ദി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Friday, June 7, 2024 3:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടപടികൾ വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യപ്രക്രിയയുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും നീതിപൂർവവുമായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനായത് സന്തോഷകരമാണ്. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടപടികൾ പൂർത്തിയായത്.
ഈ ബൃഹദ്പ്രക്രിയയോട് സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് ജില്ലാതലത്തിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിച്ച ജില്ലാ കളക്ടർമാർ, അവരുടെ കീഴിൽ പ്രവർത്തിച്ച ജീവനക്കാർ എന്നിവർക്കും സംസ്ഥാന പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ച എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും സേനാംഗങ്ങൾക്കും സംസ്ഥാനസർക്കാരിനും രാഷ്ട്രീയകക്ഷി നേതാക്കൾക്കും അവരുടെ പ്രവർത്തകർക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നന്ദി അറിയിച്ചു.
രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാവുക എന്ന ലക്ഷ്യത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും തെരഞ്ഞെടുപ്പ് നടപടികളിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്ത പൊതുജനങ്ങളാണ് ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
യുവവോട്ടർമാരുടെയും വനിതവോട്ടർമാരുടെയും വർധിച്ച പങ്കാളിത്തം ഇക്കുറിയുണ്ടായി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തിയും വിജയവും ജനകീയ പങ്കാളിത്തമാണ്. മികച്ച വോട്ടിംഗ് ശതമാനത്തിലേക്ക് എത്താനായതും ഇതുകാരണമാണ്.
അച്ചടി, ദൃശ്യമാധ്യമ സുഹൃത്തുക്കളുടെ സഹകരണവും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അഭിഭാജ്യഘടകമായിരുന്നു. സമയാസമയങ്ങളിൽ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കാനും വ്യാജപ്രചാരണങ്ങൾ തടയാനും മാധ്യമങ്ങൾ നൽകിയ സഹകരണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയ്ക്കുള്ള നന്ദി അറിയിക്കുന്നുവെന്ന് സഞ്ജയ് കൗൾ പറഞ്ഞു.