ഓഹരി വിപണിയിൽ തട്ടിപ്പ്; ജെപിസി അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി
Thursday, June 6, 2024 6:20 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് രാഹുൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂൺ നാലിന് സ്റ്റോക്ക് മാർക്കറ്റ് റിക്കാർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു.
സ്റ്റോക്കുകൾ വാങ്ങിവെക്കാൻ അമിത്ഷായും ആവശ്യപ്പെട്ടു. ജൂൺ ഒന്നിന് വ്യാജ എക്സ്റ്റിറ്റ് പോൾ വന്നു. ജൂൺ നാലിന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എക്സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബിജെപി നേതാക്കള്‍ക്ക് അറിയാമായിരുന്നു. ഓഹരി വിപണിയിൽ തട്ടിപ്പിൽ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.