യുപിയില്‍ ബിജെപിക്ക് ഒന്നും സംഭവിച്ചിട്ടില്ല; ശിവ്പാല്‍ യാദവിന് മറുപടിയുമായി രാംദാസ് അത്താവാലെ
Thursday, June 6, 2024 3:54 PM IST
ന്യുഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ശിവ്പാല്‍ യാദവിന്റെ ആവശ്യം തള്ളി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.
പ്രതീക്ഷിച്ച വിജയം സംസ്ഥാനത്ത് ലഭിച്ചില്ല എന്നുള്ളത് ശരിയാണെന്നും എന്നാല്‍ അതോടെ ബിജെപിയുടെ കാലം അവസാനിച്ചുവെന്ന് ആരും കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി തന്നെ അധികാരത്തില്‍ തിരിച്ചെത്തും എന്നും അത്താവാലെ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇപ്പോഴും കരുത്തുറ്റ പാര്‍ട്ടിയാണ്. പലസംസ്ഥാനങ്ങളിലും മികച്ച വിജയം നേടാന്‍ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും സാധിച്ചെന്നും അത്താവാലെ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപിയിലെ ബിജെപിയും ശക്തമായി തന്നെയാണ് തുടരുന്നതെന്നും ഈ തിരിച്ചടി താത്കാലികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരിച്ചടിയുടെ ഉത്തരവാദിത്വം യോഗി സര്‍ക്കാര്‍ ഏറ്റെടുത്ത് രാജിവയ്ക്കണമെന്നാണ് ശിവ്പാല്‍ യാദവ് ആവശ്യപ്പെട്ടിരുന്നത്.
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാല്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു