യുവതിയുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച ഡിവൈഎഫ്ഐ നേതാവിനെതിരേ കേസെടുക്കാൻ നിർദേശം
Thursday, June 6, 2024 5:24 AM IST
ഇടുക്കി: പൊതുപ്രവർത്തകയുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ ഇടുക്കി ജില്ല പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകി. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇടുക്കി കുമളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ രാജേഷ് രാജുവിനെതിരെ പൊതു പ്രവർത്തകയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. ഇയാൾ പൊതുപ്രവർത്തകയായ യുവതിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചെന്നാണ് പരാതി.
2023 സെപ്റ്റംബറിൽ ഇടുക്കി സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.