മൂന്നാം വിജയം; മോദിയെ അഭിനന്ദിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി
Wednesday, June 5, 2024 11:01 AM IST
റോം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇറ്റലിയിലുടെയും ഇന്ത്യയുടെയും സൗഹൃദം ശക്തിപ്പെടുത്തുന്നതിനും വിവിധ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിലും ഇരു രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിലും ഇരു നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടെന്ന് അവര്‍ പറഞ്ഞു.
മോദിയുമായി ഷെയ്ക്ക്ഹാന്‍ഡ് നല്കുന്ന ചിത്രം പങ്കുവച്ചാണ് എക്സില്‍ അവര്‍ ആശംസയറിച്ചിരിക്കുന്നത്. മെലോണിയുടെ ആശംസകള്‍ക്ക് മോദി നന്ദി പറഞ്ഞു. ഇന്ത്യയും ഇറ്റലിയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മറുപടിയില്‍ അദ്ദേഹം കുറിച്ചു.
18-ാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 291 സീറ്റുകളാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ നേടിയത്. 240 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മോദി അവകാശപ്പെട്ടിരുന്നു.