കെ. രാധാകൃഷ്ണന് പാര്‍ലമെന്റിലേക്ക്, സംസ്ഥാന മന്ത്രിസഭയിലും മാറ്റമുണ്ടാകും
Tuesday, June 4, 2024 10:51 PM IST
കോഴിക്കോട്: മന്ത്രി കെ. രാധാകൃഷ്ണന് ആലത്തൂരില്‍ വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ സംസ്ഥാനമന്ത്രിസഭയിലും മാറ്റമുണ്ടാകും. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാധാകൃഷ്ണന് രാജിവയ്ക്കും. പകരം സിപിഎം നേതാക്കളിലൊരാള്‍ മന്ത്രിസ്ഥാനത്തേക്ക് വരും.
ആലത്തൂരില്‍ കോണ്‍ഗ്രസിലെ സിറ്റിംഗ് എംപി രമ്യ ഹരിദാസിനെ തോല്‍പ്പിച്ചാണ് രാധകൃഷ്ണന് പാര്‍ലമെന്റില്‍ എത്തുന്നത്. വയനാട്ടില്‍ നിന്നുള്ള സിപിഎം എംഎല്‍എ ഒ.ആര്. കേളു മന്ത്രി സ്ഥാനത്തേക്കു വരാനാണ് ഇപ്പോഴത്തെ സാധ്യത. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തിന്റെ വകുപ്പാണ് രാധാകൃഷ്ണന് കൈകാര്യം ചെയ്യുന്നത്.
ദേവസ്വം വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനുണ്ട്. മാനന്തവാടി പട്ടികവര്‍ഗ മണ്ഡലത്തെയാണ് ഒ.ആര്.കേളു പ്രതിനിധീകരിക്കുന്നത്. 2016 മുതല്‍ എംഎല്‍എയായ കേളു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. പത്തുവര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടു വര്‍ഷം മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മന്ത്രി രാധാകൃഷ്ണന്റെ രാജിക്കുശേഷമായിരുക്കും പുതിയ മന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ പുരോഗമിക്കുക.