തീരം തരൂരിനൊപ്പം; തലസ്ഥാനത്ത് യുഡിഎഫ്
Tuesday, June 4, 2024 3:38 PM IST
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ തിരുവനന്തപുരം ശശിതരൂർ ഉറപ്പിച്ചു. വോട്ടെണ്ണലിന്റെ ആദ്യാവസാനം ലീഡ്നില മാറിമറിഞ്ഞ മണ്ഡലത്തിൽ 15000 ത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരൂർ വിജയം ഉറപ്പിച്ചത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 24000 കവിഞ്ഞിരുന്നു. എന്നാൽ തീരമേഖലയിലേക്ക് വോട്ടെണ്ണൽ എത്തിയതോടെ ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു.
നേമം ഉൾപ്പടെയുള്ള നഗരമേഖലയിൽ ബിജെപി വ്യക്തമായ ലീഡുനേടിയപ്പോൾ പാറശാല, കോവളം ഉൾപ്പടെയുള്ള തീരമേഖലയിൽ യുഡിഎഫ് വ്യക്തമായ ലീഡു നേടി. ഈ വോട്ടുകൾ തരൂരിന്റെ വിജയത്തിൽ നിർണായകമായി.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് മുന്നിൽ എത്താനായില്ലെങ്കിലും കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി പിടിച്ചതിനെക്കാൾ കൂടുതൽ വോട്ട് പന്ന്യൻ നേടി.