ആന്ധ്രയിൽ ജഗൻ യുഗത്തിന് അന്ത്യം, അടിച്ചുകയറി ടിഡിപി; ഒഡീഷയിൽ നവീൻ പട്നായിക്കിന് തിരിച്ചടി
Tuesday, June 4, 2024 12:17 PM IST
ഹൈദരബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധപ്രദേശിലും ഒഡീഷയിലും ബിജെപി സഖ്യത്തിന് മുന്നേറ്റം. ആന്ധ്രയിൽ നിലവിലെ മുഖ്യമന്ത്രി ജയൻ മോഹൻ റെഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി തകർന്നടിയുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.
ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിലും എൻഡിഎ സഖ്യമാണ് മുന്നിൽ. ഇതിൽ 125 സീറ്റുകളിൽ ടിഡിപിയും 17 സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 20 സീറ്റുകളിൽ മാത്രമാണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്.
ഒഡീഷയിൽ ബിജു ജനതാദൾ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിന്റെ സ്വപ്നങ്ങൾ തകർത്ത് ബിജെപി അധികാരത്തിൽ വരുന്നു എന്ന സൂചനയാണ് വരുന്നത്. തൊണ്ണൂറുകളുടെ അവസാനം മുതൽ രാഷ്ട്രീയത്തിൽ അജയ്യനായി തുടരുന്ന പട്നായിക് തെക്കൻ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഹിൻജിലിയിൽ നിന്നുമാണ് മത്സരിക്കുന്നത്.
147 നിയമസഭാ സീറ്റുകളിൽ 74 സീറ്റുകളിൽ ബിജെപി ലീഡുയർത്തി മുന്നേറുകയാണ്. നവീൻ പട്നായിക്കിന്റെ ഭരണകക്ഷിയായ ബിജെഡി 24 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ആറ് മണ്ഡലങ്ങളിൽ മുന്നിലാണ്.