യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്
Tuesday, June 4, 2024 12:23 AM IST
ലക്നോ: ഉത്തർപ്രദേശിലെ പല ജില്ലകളിലും ജില്ലാ മജിസ്ട്രേറ്റും പോലീസും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മിർസാപൂർ, അലിഗഡ്, കനൗജ് എന്നിവ കൂടാതെ ഉത്തർപ്രദേശിലെ നിരവധി ജില്ലകളിലെ സമാജ്വാദി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്നും ഇന്ന് നടക്കുന്ന വോട്ടെണ്ണലിൽ അവർ പങ്കെടുക്കാതിരിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അവരെ ഉടൻതന്നെ മോചിപ്പിക്കണമെന്നും സുപ്രീംകോടതി, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ഉത്തർപ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, യുപി പോലീസ് മേധാവി എന്നിവരോട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
എല്ലാ രാഷ്ട്രീയ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, സർക്കാരും ഭരണകൂടവും പൊതുജന രോഷത്തിന് ഇടയാക്കുന്ന അത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.