വിമാനത്തിൽ പരാക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ
Monday, June 3, 2024 10:26 PM IST
മുംബൈ: വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച കോഴിക്കോട് സ്വദേശി പിടിയിൽ. അബ്ദുള്‍ മുസവിര്‍ നടുക്കണ്ടിയാണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഇയാള്‍ വിമാന ജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു.
കോഴിക്കോട്ടുനിന്നു ബഹ്റിനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസിലായിരുന്നു സംഭവം. തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയും മുസവിറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
വിമാനം കോഴിക്കോട്ടുനിന്ന് പറന്നുയര്‍ന്നതിനു പിന്നാലെ ഇയാള്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ പിന്നിലേക്കുപോയ മുസവിര്‍, ജീവനക്കാരെ ആക്രമിക്കുകയും വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പൈലറ്റ് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കിയത്. ഐപിസി 336, 504, 506, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.