മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം
Monday, June 3, 2024 5:06 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തെരഞ്ഞെടുക്കപ്പെട്ടു. മെക്സിക്കോയുടെ ഇരുന്നൂറ് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്.
ഏകദേശം 130 ദശലക്ഷം ആളുകൾ ഉള്ള മെക്സിക്കോയിൽ പ്രസിഡന്റാകുന്ന ആദ്യ ജൂത വ്യക്തിയുമാണ് ക്ലോഡിയ. മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61കാരിയുമായ ക്ലോഡിയ, ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അറുപത് ശതമാനത്തോളം വോട്ടു നേടിയാണ് വിജയിച്ചത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് അഥോറിറ്റിയാണ് ക്ലോഡിയയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്തിമ ഫലങ്ങൾ ജൂണ്‍ എട്ടിനു ലഭ്യമാകും. പുതിയ പ്രസിഡന്റ് 2024 ഒക്ടോബർ ഒന്ന് മുതൽ അധികാരമേൽക്കും.
മുഖ്യ എതിരാളിയും ബിസിനസുകാരിയുമായ സൊചിതിൽ ഗാൽവേസിനേക്കാൾ 30 ശതമാനം അധികം പോയിന്റാണ് ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയ നേടിയത്. മൊറേന പാർട്ടി സ്ഥാപകനും നിലവിലെ മെക്സിക്കൻ പ്രസിഡന്റുമായ ആൻഡ്രസ് മാനുവൽ ലോപ്പസിന്റെ വിശ്വസ്തകൂടിയാണ് ക്ലോഡിയ.