അരുണാചലിൽ ബിജെപി അധികാരത്തിൽ
Sunday, June 2, 2024 7:11 PM IST
ഇറ്റാനഗർ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിൽ ബിജെപി അധികാരം നിലനിർത്തി. അന്തിമഫലം പുറത്തുവന്നപ്പോൾ 60 അംഗ നിയമസഭയിൽ 46 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്.
31 സീറ്റുകള്‍ മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്ത് പത്തു സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കിയുള്ള 50 സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്.
നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിഇപി) അഞ്ച് സീറ്റുകൾ നേടിയപ്പോൾ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻസിപി) മൂന്ന് സീറ്റുകളിലും വിജയിച്ചു. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) രണ്ട് സീറ്റുകളിലും വിജയിച്ചു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന് (ഐഎൻസി) ഒരു സീറ്റ് മാത്രമാണ് നേടാനായത്. മൂന്ന് സ്വതന്ത്രരും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തവാംഗിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരടക്കമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.