അരുണാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; സിക്കിം എസ്കെഎം തൂത്തൂവാരി
Sunday, June 2, 2024 1:40 PM IST
ഇറ്റാനഗർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന അരുണചല്‍ പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കും(എസ്കെഎം) തുടര്‍ഭരണം. അരുണാചലില്‍ 45 സീറ്റിൽ ബിജെപിക്ക് ലീഡുണ്ട്. 32 അംഗ സിക്കിം നിയമസഭയില്‍ 31 സീറ്റിലും ലീഡ് നേടിക്കൊണ്ടാണ് എസ്കെഎം തുടര്‍ഭരണം ഉറപ്പിക്കുന്നത്.
60 അംഗ അരുണാചൽ നിയമസഭയില്‍ 31 സീറ്റുകള്‍ മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്ത് പത്തു സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കിയുള്ള 50 സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്.
തവാംഗിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരടക്കമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
45 സീറ്റിൽ ബിജെപിക്കും എന്‍പിപിക്ക് ആറ് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും മറ്റുള്ളവര്‍ക്ക് എട്ട് സീറ്റിലുമാണ് നിലവില്‍ ലീഡുള്ളത്.
സിക്കിമിൽ പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമാക്രാറ്റിക് ഫ്രണ്ടിനെ(എസ്ഡിഎഫ്) നിഷ്പ്രഭമാക്കിക്കൊണ്ടാണ് എസ്കെഎം വിജയത്തിലേക്ക് മുന്നേറുന്നത്. 18 സീറ്റുകളില്‍ നിലവില്‍ എസ്കെഎം വിജയിച്ചിട്ടുണ്ട്. 13 സീറ്റുകളില്‍ പാര്‍ട്ട് ലീഡ് ചെയ്യുന്നുണ്ട്.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ വിജയം നേടിയ എസ്ഡിഎഫിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ബിജെപിയും കോണ്‍ഗ്രസും മത്സര രംഗത്തുണ്ടെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ഒരു സീറ്റില്‍ പോലും ലീഡുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.