ആരോൺ ജോൺസിന്റെ ഉദ്ഘാടന വെടിക്കെട്ട്; കാനഡയെ തകർത്ത് യുഎസ്എ
Sunday, June 2, 2024 11:30 AM IST
ഡാളസ്: ട്വന്റി-20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യുഎസ്എയ്ക്ക് ഏഴുവിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത കാനഡ ഉയര്‍ത്തിയ 195 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് യുഎസ്എ മറികടന്നത്.
40 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് യുഎസ്എയ്ക്ക് വിജയം സമ്മാനിച്ചത്. പത്ത് സിക്സും നാലു ഫോറും പറത്തിയ ജോൺസ് തന്നെയാണ് കളിയിലെ താരം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കാനഡ കാനഡ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സ് നേടിയത്. അർധസെഞ്ചുറി നേടിയ ഓപ്പണർ നവ്നീത് ധലിവാള്‍ (61), നിക്കോളാസ് കീര്‍ട്ടണ്‍ (51) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കാനഡ മികച്ച സ്കോറിലെത്തിയത്. ആരോൺ ജോൺസൺ 23 റൺസെടുത്തു. ശ്രേയസ് മോവ്വ 16 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു.
യുഎസ്എയ്ക്കു വേണ്ടി അലിഖാൻ, ഹർമീത് സിംഗ്, കോറി ആൻഡേഴ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടുപേർ റണ്ണൗട്ടായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് രണ്ടാം പന്തിൽ തന്നെ ഓപ്പണർ സ്റ്റീവൻ ടെയ്ലറെ നഷ്ടമായി. തുടർന്ന് നായകൻ മൊണാങ്ക് പട്ടേലും (16) ആൻഡ്രീസ് ഗൗസും (65) ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയി.
സ്കോർ 42 ൽ നില്‍ക്കേ മൊണാങ്ക് പുറത്തായതോടെ പകരം ക്രീസിലെത്തിയ ആരോൺ ജോൺസ് താണ്ഡവം ആരംഭിച്ചു. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം അതിവേഗം അർധസെഞ്ചുറിയിലെത്തി. ഗൗസിനൊപ്പം 58 പന്തിൽ 131 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ആരോൺ പടുത്തുയർത്തിയത്. വിജയത്തിനു തൊട്ടരികെ ഗൗസ് പുറത്തായെങ്കിലും കോറി ആൻഡേഴ്സണെ (മൂന്ന്) ഒരറ്റത്ത് നിർത്തി താരം ലക്ഷ്യം അടിച്ചെടുത്തു.
കാനഡയ്ക്കു വേണ്ടി കലീം സാന, ഡിലൻ ഹെയ്ലിഗർ, നിഖിൽ ദത്ത എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.