മദ്യലഹരിയിൽ ഹോട്ടൽ അടിച്ചുതകര്‍ത്ത സംഭവം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു
Saturday, June 1, 2024 8:58 PM IST
ആലപ്പുഴ: മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത പോലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫീസര്‍ കെ.എഫ്. ജോസഫിനെതിരെയാണ് നടപടി.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജോസഫിനെ സസ്പെന്റ് ചെയ്തത്. നേരത്തെ, ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.
ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മകന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്റെ മനോവിഷമത്തിലാണ് ഹോട്ടല്‍ ആക്രമിച്ചതെന്നും മദ്യപിച്ചതോടെ തന്റെ മനോനില തെറ്റിയെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരക്കാണ് ആലപ്പുഴ കളര്‍കോട്ടെ അഹ്ലാന് ഹോട്ടലിൽ വടിവാളുമായെത്തി കെ.എഫ്. ജോസഫ് അക്രമം അഴിച്ചുവിട്ടത്. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ ജോലി കഴിഞ്ഞ് ആലപ്പുഴയിലെ ബാറിലെത്തി മദ്യപിച്ച ശേഷമാണ് ഇയാൾ ഹോട്ടലിലെത്തിയത്. ജീവനക്കാരെ ആക്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.