മീനടത്തു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി
Saturday, June 1, 2024 7:06 PM IST
കോട്ടയം: മീനടത്ത് നിന്നും നാലു ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. മീനടം കരോട്ട് മുണ്ടിയാക്കല്‍ എബ്രാഹം വര്‍ഗീസ്-ലീലാമ്മ ദമ്പതികളുടെ മകന് അനീഷിന്റെ(40) മൃതദേഹമാണ് കണ്ടെത്തിയത്.
നാട്ടുകാരും അഗ്നിരക്ഷ സേനയും ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മേയ് 29 മുതലാണ് അനീഷിനെ കാണാതായത്. തിരച്ചിലിനിടെ പാമ്പാടി - മീനടം പുതുപ്പള്ളി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തോടിന് സമീപം അനീഷിന്റെ ചെരിപ്പ് കണ്ടതോടെയാണ് തോട്ടിൽ വീണതാകാം എന്നുള്ള സംശയത്തിൽ തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം കനത്ത മഴയെ അവഗണിച്ചും പുതുപ്പള്ളി പള്ളിയുടെ സമീപമുള്ള കൈത്തോട് വരെയും ഒപ്പം കൊടൂരാറിനെ ബന്ധിപ്പിക്കുന്ന കൈത്തോടിന്റെ ഭാഗം വരെയും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.