ഉത്തരേന്ത്യയിൽ സൂര്യൻ കത്തുന്നു; 36 മണിക്കൂറിനിടെ 45 മരണം
Saturday, June 1, 2024 3:52 PM IST
ന്യൂഡൽഹി: കടുത്ത ചൂടും ഉഷ്ണതരംഗവും മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 36 മണിക്കൂറിനിടെ 45 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. ഇതോടെ സൂര്യാഘാതത്തെ തുടർന്ന് ഈ വേനൽകാലത്ത് രാജ്യത്ത് മരിച്ചവരുടെ എണ്ണം 87 ആയി.
ഒഡീഷയിൽ മാത്രം 19 പേരാണ് രണ്ട് ദിവസങ്ങളിലായി മരിച്ചത്. ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 16 പേർ മരിച്ചു. ബിഹാറിൽ അഞ്ച് പേരും രാജസ്ഥാനിൽ നാല് പേരും പഞ്ചാബിൽ ഒരാളുമാണ് കഴിഞ്ഞ 36 മണിക്കൂറിനിടെ മരണപ്പെട്ടത്.
ഒഡീഷയിൽ സുന്ദർഗഡ്, ജാർസുഗുഡ, സംബാൽപൂർ, ബാർഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ജാർസുഗുഡയിൽ മരിച്ചവരിൽ ഏഴ് പേർ ട്രക്ക് ഡ്രൈവർമാരാണ്. ഉത്തർപ്രദേശിൽ മരിച്ച 16 പേരിൽ 11 പേരും തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടവരാണ്.