ഡി.കെ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു, അങ്ങനെ ഒന്നും നടന്നിട്ടില്ല: മന്ത്രി രാധാകൃഷ്ണന്
Saturday, June 1, 2024 11:12 AM IST
തിരുവനന്തപുരം: കേരളത്തില്‍ മൃഗബലി നടന്നെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ .രാധാകൃഷ്ണന്. രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു.
ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടും മറ്റ് രീതിയിലും അന്വേഷണം നടത്തി. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതെന്നും മന്ത്രി പറഞ്ഞു.
മൃഗബലി 1968ല്‍ നിരോധിച്ചതാണ്. ആ സാഹചര്യത്തില്‍ മറ്റെവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കർണാടക സർക്കാരിനെ താഴെയിറക്കാൻ തന്റെ എതിരാളികൾ കേരളത്തിലെ ഒരു ക്ഷേത്രത്തിനു സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നായിരുന്നു ഡി.കെയുടെ ആരോപണം.
സംഭവം വിവാദായതോടെ വിശദീകരണവുമായി ഡി.കെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ഡി.കെ പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് പൂജ നടന്നതെന്നും സ്ഥലം വ്യക്തമാകാൻ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞതെന്നും ഡി.കെ വ്യക്തമാക്കി.