മൃഗബലി അന്വേഷിക്കാൻ കർണാടക ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി
Friday, May 31, 2024 10:06 PM IST
ബംഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിനു സമീപം മൃഗബലിയും യാഗവും നടന്നുവെന്ന കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ ആരോപണത്തിൽ വിവരശേഖരണത്തിനായി കർണാടക ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി.
അഞ്ചംഗ സംഘമാണ് അന്വേഷണത്തിനായി കണ്ണൂരിൽ എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിനു സമീപം യാഗങ്ങളും മൃഗബലികളും നടക്കുന്നുണ്ടെന്നായിരുന്നു ഡി.കെ ആരോപിച്ചത്.
യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, അഞ്ച് പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചതെന്ന് തനിക്ക് നന്നായി അറിയാം. ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
എനിക്കെതിരെയുള്ള അവരുടെ പരീക്ഷണങ്ങൾ തുടർന്നോട്ടെ. ഞാൻ വിശ്വസിക്കുന്ന ശക്തി എന്നെ രക്ഷിക്കുമെന്നും ശിവകുമാർ പറഞ്ഞിരുന്നു.