സന്നാഹത്തിൽ വെടിക്കെട്ട് വിജയവുമായി വിൻഡീസ്; ഓസീസിനെ തകർത്തത് 35 റൺസിന്
Friday, May 31, 2024 12:42 PM IST
പോര്‍ട്ട് ഓഫ് സ്പെയിന്: ട്വന്റി-20 ലോകകപ്പ് സന്നാഹമത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി വിന്‍ഡീസ്. പ്രധാന താരങ്ങളില്ലാതെയിറങ്ങിയ ഓസീസിനെ 35 റൺസിനാണ് വിൻഡീസ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ബാറ്റിംഗ് വെടിക്കെട്ടിനാണ് തിരികൊളുത്തിയത്. സ്കോർ 38 റൺസിൽ നില്‍ക്കെ ഓപ്പണർ ഷായ് ഹോപ്പിനെ (14) നഷ്ടമായെങ്കിലും പിന്നീട് വന്നവർ കത്തിക്കയറി. മൂന്നാം വിക്കറ്റില്‍ ജോണ്സണ് ചാള്‍സ് (31 പന്തില്‍ 40) - നിക്കോളാസ് പുരാന് (25 പന്തില്‍ 75) സഖ്യം 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്സ്. സ്കോർ 128 റൺസിൽ നില്‍ക്കേ പത്താമോവറിൽ പുരാൻ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ റോവ്മാന്‍ പവലും (25 പന്തില്‍ 52) കൂറ്റനടികൾ കൊണ്ട് സ്കോർ ഉയർത്തി. പതിനാറാമോവറിൽ പവൽ പുറത്താകുമ്പോൾ സ്കോർ 194 എത്തിയിരുന്നു.
അവസാന ഓവറുകളിൽ ഷെര്‍ഫന്‍ റുതര്‍ഫോര്‍ഡും (18 പന്തില്‍ 47) ഷിമ്രോൺ ഹെറ്റ്മെയറും (13 പന്തിൽ 18) കത്തിക്കയറിയതോടെ നാലിന് 257 എന്ന കൂറ്റൻ സ്കോറിലെത്തി. ഓസ്ട്രേലിയയ്ക്കുവേണ്ടി ആദം സാംപ രണ്ടും ടിം ഡേവിഡ്, ആഷ്ടൺ ആഗർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് രണ്ടാമോവറിൽ തന്നെ വെടിക്കെട്ട് ബാറ്റർ ഡേവിഡ് വാർണറെ (15) നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസീസിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അർധസെഞ്ചുറി നേടിയ ജോഷ് ഇംഗ്ലിസ് (55) ആണ് ഓസീസ് നിരയിലെ ടോപ് സ്കോറർ.
നഥാന്‍ എല്ലിസ് (39), ടിം ഡേവിഡ് (25), മാത്യു വെയ്ഡ് (25), ആഷ്ടൺ ആഗര്‍ (28) ആദം സാംപ (പുറത്താകാതെ 21) എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചെങ്കിലും വിജയം മാത്രം അകന്നുനിന്നു.
വിന്‍ഡീസിനായി അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. അകീല്‍ ഹുസൈന്, ഷമര്‍ ജോസഫ്, ഒബദ് മക്കോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.