അത്താഴം നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
Thursday, May 30, 2024 10:59 PM IST
ബംഗളൂരു: കർണാടകയിൽ അത്താഴം നല്‍കാത്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കര്‍ണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസ് നല്കുന്ന വിവരം. ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വഴക്കിനെ തുടര്‍ന്ന് അടുക്കളയില്‍വച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുകാരന് മകന് വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം.
കുറ്റകൃത്യത്തിനു ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ കൊലപാതക വിവരം പറയുകയായിരുന്നു. അദ്ദേഹമാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.