കോൺഗ്രസ് നാല് സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന് ജയറാം രമേഷ്
Thursday, May 30, 2024 10:46 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, കർണാടക, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇത്തവണ മികച്ച നേട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളിൽ നില മെച്ചപ്പെടുത്തും. ഉത്തർപ്രദേശിൽ ഉൾപ്പെടെ ഇന്ത്യ മുന്നണിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിക്ക് കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാനാകുമെന്ന് ജയറാം രമേഷ് അവകാശപ്പെട്ടു. 272 എന്ന സംഖ്യ മറികടക്കാൻ ഇന്ത്യ സഖ്യത്തിനാകും. യുപി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്ക് സീറ്റ് കുറയുമെന്നും ജയറാം രമേഷ് പറഞ്ഞു.