"അന്ന് നിങ്ങളുടെ കണ്ണുകള്‍ എവിടെയായിരുന്നു'; ഓള് ഐസ് ഓണ്‍ റഫയ്ക്ക് ഇസ്രയേലിന്റെ മറുചോദ്യം
Thursday, May 30, 2024 11:31 AM IST
ടെല്‍ അവീവ്: ഗാസ-ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന "ഓള് ഐസ് ഓണ്‍ റഫാ' എന്ന ചിത്രത്തിന് മറുപടിയുമായി ഇസ്രയേല്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെക്കുറിച്ച് എന്തുകൊണ്ട് ആരും ഇത്തരത്തില്‍ പോസ്റ്റ് ഇട്ടില്ല എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചോദിച്ചു.
എക്സിലെ ഒരു പോസ്റ്റില്‍, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ "ഒക്ടോബര്‍ ഏഴിന് നിങ്ങളുടെ കണ്ണുകള്‍ എവിടെയായിരുന്നു' എന്ന വാചകത്തോടുകൂടിയ ഒരു ചിത്രം പങ്കിട്ടു. ഹമാസ് ഭീകരന് ഒരു കുഞ്ഞിന് മുന്നില്‍ തോക്കുമായി നില്‍ക്കുന്നതാണ് ചിത്രം.
ഒക്ടോബറിലെ ആക്രമണത്തില്‍ ഇസ്രായേലില്‍ 1,160 ഓളം പേര് കൊല്ലപ്പെട്ടു. അതില്‍ കൂടുതലും സാധാരണക്കാരായിരുന്നു. 250ല്‍ പരം ആളുകളെ ബന്ദികളാക്കി. അവരില്‍ ചിലരെ മോചിതരാക്കി. ഹമാസിന്റെ പക്കലുള്ള ബാക്കി ബന്ദികളില്‍ 99 പേര് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും 31 പേര് മരിച്ചുവെന്നും ഇസ്രയേല്‍ കരുതുന്നു.
ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ റഫായിലെ അഭയാര്‍ഥി ക്യാമ്പില്‍ കുട്ടികളടക്കം 45 പേര് കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഏറിയ പങ്കും സ്ത്രീകളും വയോധികരുമാണെന്നാണ് പുറത്ത് വരുന്ന വിവരം. റഫാ ആക്രമണത്തിനെതിരേ ഫ്രാന്‍സും സ്പെയിനും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ ആക്രമണം റഫായെ ലക്ഷ്യം വച്ചതായിരുന്നില്ല. ഹമാസിന്റെ ആയുധ കേന്ദ്രത്തില്‍ റോക്കറ്റ് പതിച്ചതിനെ തുടര്‍ന്നുണ്ടായ തീപിടിത്തമാണ് അപകടത്തിന് കാരണമെന്നാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്.
റഫാ ആക്രമണത്തില്‍ പ്രതിഷേധിച്ച് "ഓള് ഐസ് ഓണ്‍ റഫാ' എന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്ത്യന്‍ സെലിബ്രിറ്റികളടക്കം നിരവധിപേര്‍ ചിത്രം തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ ഇത് പങ്കുവച്ചിരുന്നു. ഇതിന് ബദലായാണ് ഒക്ടോബര്‍ ഏഴിന് നിങ്ങളുടെ കണ്ണുകള്‍ എവിടെയായിരുന്നു എന്ന ചിത്രം ഇസ്രയേല്‍ ഉയര്‍ത്തുന്നത്.