സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കണം: ഹൈക്കോടതി
Thursday, May 30, 2024 10:50 AM IST
കൊച്ചി: സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ അനുമതിയില്ലാതെ നിര്‍മിച്ച ആരാധനാലങ്ങള്‍ പൊളിച്ച് മാറ്റാനാണ് നിര്‍ദേശം.
പ്ലാന്റേഷന് കോര്പറേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ചന്ദപ്പള്ളിയിലെ എസ്റ്റേറ്റിനുള്ളില്‍ ക്ഷേത്രങ്ങള്‍ പോലെ ചില നിര്‍മിതികള്‍ ഉണ്ടെന്ന് കാട്ടിയാണ് പ്ലാന്റേഷന് കോര്പറേഷന് കോടതിയെ സമീപിച്ചത്. ഇത് നീക്കം ചെയ്യാന്‍ പോലീസിനോടും വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് അവര്‍ ഇടപെട്ടില്ലെന്ന് കാട്ടിയായിരുന്നു ഹര്‍ജി.
എന്നാല്‍ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണ്. ഇത്തരം നിർമിതികൾ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത്തരം നിര്‍മിതികളുടെ പട്ടിക തയാറാക്കണം. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പൊളിച്ച് നീക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണം. ഒരു മതത്തിനും സര്‍ക്കാര്‍ ഭൂമി കൈയേറി ആരാധന നടത്താന്‍ അനുമതി നല്‍കേണ്ടതില്ല. ഈശ്വരന് തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി പറഞ്ഞു.