അഗ്നിബാന്‍ വിക്ഷേപണം വിജയകരം; നാഴികക്കല്ല് എന്ന് ഇസ്രോ
Thursday, May 30, 2024 10:23 AM IST
അമരാവതി: ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അഗ്നികുല്‍ കോസ്മോസിന്റെ അഗ്നിബാന്‍ റോക്കറ്റ് വിക്ഷേപണ ദൗത്യം വിജയംകണ്ടു. ശ്രീഹരിക്കോട്ടയില്‍ നടത്തിയ വിക്ഷേപണം വിജയിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
സെമി ക്രയോജനിക് എന്ജിന് ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണമാണിത്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ചതാണ് അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ എന്ന റോക്കറ്റ്. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എന്‍ജിനായ അഗ്നിലൈറ്റ് എന്‍ജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പാണ് അഗ്നികുല്‍ കോസ്മോസ്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. 2022 നവംബറില്‍ വിക്രം എസ് പുറത്തിറക്കിയ സ്കൈറൂട്ട് എയ്റോസ്പേസ് ആണ് ഈ നേട്ടം കൈവരിച്ച ആദ്യത്തെ സ്വകാര്യ കമ്പനി.
വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്ആര്‍ഒ ദൗത്യത്തെ അഭിനന്ദിച്ചു. വിക്ഷേപണത്തെ പ്രധാന നാഴികക്കല്ല് എന്നാണ് ഇസ്രോ വിശേഷിപ്പിച്ചത്.