എക്സാലോജികിന്റെ വിദേശ അക്കൗണ്ട്: ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Thursday, May 30, 2024 9:59 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജികിന്റെ വിദേശ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്കിയ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന കെഎസ്ഐഡിസി നല്കിയ ഹര്‍ജിയിലും ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റീസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
വിവാദ കമ്പനികളായ എസ്എന്‍സി ലാവ്ലിനും പ്രൈസ്ഹൗസ് വാട്ടര്‍ കൂപ്പേഴ്സും എക്സാലോജികിന് പണം നല്‍കിയെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം. വീണയുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളിലും എസ്എഫ്ഐഒ അന്വേഷണം നടത്തണമെന്നും ഉപഹര്‍ജിയിൽ ആവശ്യപ്പെടുന്നു.
ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ല. ആക്ഷേപം കേന്ദ്ര കമ്പനികാര്യ മന്ത്രാലയവും എസ്എഫ്ഐഒയും അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയിൽ ഷോണ്‍ ആവശ്യപ്പെടുന്നു.
നേരത്തെ, എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്നന്ന് ആരോപണവുമായി ഷോണ്‍ രംഗത്തെത്തിയിരുന്നു. അബുദാബിയിലെ കൊമേഴ്സ്യല്‍ ബാങ്കിലെ അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടക്കുന്നത്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ഈ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്നും ഷോണ്‍ ആരോപിച്ചു.
എക്സാലോജിക് കണ്‍സള്‍ട്ടിംഗ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തൈക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ശരാശരി 10 കോടി രൂപ വരെ ഈ അക്കൗണ്ടില്‍ എപ്പോഴും ഉണ്ടായിരുന്നുവെന്നും ഇതുവഴി വലിയ തുക യുഎസിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ഷോണ്‍ പറഞ്ഞു.
എസ്എന്‍സി ലാവ്ലിന്, കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ എന്നിവയില്‍നിന്ന് എക്സാലോജിക്കിന്റെയും മീഡിയ സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറുമായുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കറിന്റെ കാലത്തുതന്നെ വിവാദമായതാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് അവര്‍ പുറത്തുപറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയുന്നതായും ഷോണ്‍ പറഞ്ഞു.
അക്കൗണ്ടിലേക്കെത്തിയ കോടികള്‍ക്ക് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് ലഭിച്ച പണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന് വിദേശത്തു അക്കൗണ്ട് തുടങ്ങിയാല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യണം. വീണയുടെ ഇന്‍കം ടാക്സ് റിട്ടേണ്‍സില്‍ ഇത് കാണിച്ചിട്ടില്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.