അപകീര്‍ത്തികരമായ പ്രസ്താവന: വി.ഡി. സതീശന് കോടതിയില്‍ ഹാജരായി
Wednesday, May 29, 2024 11:22 PM IST
കൊച്ചി : പത്രസമ്മേളനത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരായി. എംഎല്‍എമാര്‍ക്കുള്ള പ്രത്യേക കോടതിയിലാണ് പ്രതിപക്ഷ നേതാവ് ഹാജരായത്.
പറവൂര്‍ മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിനെതിരെ 2012 നവംബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച കേസിലാണ് സതീശന് ഹാജരായത്.
വെള്ളിയാഴ്ചയായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ താന്‍ അന്ന് സ്ഥലത്ത് ഉണ്ടാകില്ലെന്നും ആയതിനാല്‍ 29ന് പരിഗണിക്കണം എന്നും അഭിഭാഷകന് മുഖേന അഭ്യർഥിച്ചതനുസരിച്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
കേസില്‍ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 313 പ്രകാരം മൊഴി നല്‍കാനാണ് പ്രതിപക്ഷ നേതാവ് ഹാജരായത്.