പേവിഷബാധയേറ്റ പശു ചത്തു
Wednesday, May 29, 2024 8:15 PM IST
ഹരിപ്പാട്: പള്ളിപ്പാട്ട് പേവിഷബാധയേറ്റ് അവശനിലയിലായിരുന്ന കറവപ്പശു ചത്തു. പള്ളിപ്പാട് കോട്ടയ്ക്കകം മങ്ങാട്ട് പുത്തൻവീട്ടിൽ ശാന്തമ്മയുടെ മൂന്ന് പശുക്കളിൽ ഒന്നാണ് ചത്തത്. പേവിഷബാധയേറ്റ് കഴിഞ്ഞ ദിവസം രാവിലെ കുഴഞ്ഞുവീണ പശു ഇന്ന് രാവിലെയാണ് ചത്തത്.
ശനിയാഴ്ച രാവിലെ മുതൽ പശു തീറ്റ എടുക്കാതെ വന്നതിനെത്തുടർന്ന് വീട്ടുകാർ പള്ളിപ്പാട് മൃഗാശുപത്രിയിൽ എത്തിച്ച് മരുന്ന് നൽകിയിരുന്നു. ഞായറാഴ്ച പശുവിന്റെ വായിൽനിന്നു നുരയും പതയും വരികയും കൈകാലുകൾ കുടയാനും തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് പശുവിന് പേവിഷബാധയാണെന്ന് മനസിലായത്.
ഇതേത്തുടർന്ന് പശുവിനെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ പശു കുഴഞ്ഞു വീഴുകയായിരുന്നു. പേവിഷബാധയേറ്റത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ ഒന്നും കാണുന്നില്ല. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വളരെ കൂടുതലാണന്ന് നാട്ടുകാർ പറയുന്നു.