എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, കോടികള്‍ ഒഴുകി; ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ്
Wednesday, May 29, 2024 8:00 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. അബുദാബിയിലെ കൊമേഴ്സ്യല്‍ ബാങ്കിലെ അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടക്കുന്നത്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ഈ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്നും ഷോണ്‍ ആരോപിച്ചു.
വീണ വിജയനും മുഖ്യമന്ത്രിയുടെ മുന്‍ ബന്ധു എം. സുനീഷുമാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. എക്സാലോജിക് കണ്‍സള്‍ട്ടിംഗ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലാണ് അക്കൗണ്ട്. 2016 മുതല്‍ 2019വരെയുള്ള ഈ അക്കൗണ്ടിലെ വിവരങ്ങള്‍ കൈവശമുണ്ടെന്നും ഷോണ്‍ ജോര്‍ജ് അവകാശപ്പെട്ടു.
ശരാശരി 10 കോടി രൂപ വരെ ഈ അക്കൗണ്ടില്‍ എപ്പോഴും ഉണ്ടായിരുന്നു. എസ്എന്‍സി ലാവ്ലിന്, രാജ്യാന്തര കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ എന്നിവയില്‍നിന്ന് എക്സാലോജിക്കിന്റെയും മീഡിയ സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്.
ലാവ്ലിന്റെ ഉപകമ്പനികള്‍ കിഫ്ബി മസാല ബോണ്ട് വഴി 9.25 ശതമാനം പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ആറ് ശതമാനം പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണ് ഇങ്ങനെ കൂട്ടി നല്‍കുന്നത്. ഇതിന്റെ വ്യത്യാസത്തില്‍ വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവ്ലിന് നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കണം.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് അവര്‍ നേരത്തെ പുറത്തു പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിയുകയാണ്. സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ച സ്വപ്നയ്ക്ക് ലഭിച്ചിരുന്ന ശമ്പളം 1.7 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇതേ ഇനത്തില്‍ പിഡബ്ല്യുസിക്ക് നല്‍കിയിരുന്നത് 3.34 ലക്ഷം രൂപയും. അപ്പോള്‍ സ്വപ്നയ്ക്ക് നല്കിയ ശമ്പളം കിഴിച്ച് 2.27 ലക്ഷം രൂപയോളം ഓരോ മാസവും എവിടേക്കാണ് പോയിരുന്നത് എന്നത് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളുമായി കൂട്ടി വായിക്കേണ്ടതാണ്.
അബുദാബിയിലെ അക്കൗണ്ട് വഴി പണം അമേരിക്കയിലേക്ക് കടത്തുകയാണെന്നും ഷോണ്‍ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണം. വിദേശ പണമിടപാടും അക്കൗണ്ടും അന്വേഷിക്കണം. വീണ വിജയന്റെ ഐടി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഷോണ്‍ പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനാണ് മുഖ്യമന്ത്രി. തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയോ മകളോ നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടും. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു താന്‍ തെളിവുകള്‍ പുറത്തു വിടുന്നതെന്നും തെറ്റാണെന്ന് തെളിഞ്ഞാല്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാമെന്നും ഷോണ്‍ പറഞ്ഞു.