മസാല ബോണ്ട് ഫെമ നിയമ ലംഘനം: ഇഡി സമന്‍സ് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Wednesday, May 29, 2024 8:33 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഇഡി അയച്ച സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റീസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ മുന്നിലാണ് ഹര്‍ജി എത്തുന്നത്.
കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടിലെ ഫെമ നിയമലംഘനം സംബന്ധിച്ച് തോമസ് ഐസക്കിന് അറിയാമായിരുന്നു എന്നാണ് ഇഡിയുടെ വാദം. ഇക്കാര്യത്തില്‍ തെളിവുകളുണ്ട്. തോമസ് ഐസക്കിനെ ചോദ്യംചെയ്താല്‍ മാത്രമേ വ്യക്തത വരൂ എന്നാണ് ഇഡിയുടെ പക്ഷം.
എന്നാല്‍ ഫെമ നിയമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നത്. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം.
ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് കൈമാറിയെന്നാണ് കിഫ്ബിയുടെ വിശദീകരണം.
നേരത്തെ, തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക്കിനെ ചോദ്യംചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യണമെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഇത് ചോദ്യംചെയ്ത് ഇഡി ഡിവിഷന് ബെഞ്ചിനെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതിന് ശേഷം ആദ്യമായാണ് ഹര്‍ജി വീണ്ടും സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എത്തുന്നത്.